Kerala, News

കെവിന്റേത് ദുരഭിമാനക്കൊല;സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിർപ്പിന് കാരണമെന്ന് നീനുവിന്റെ മൊഴി

keralanews neenus statement that the financial status and caste are the reason for opposition

കോട്ടയം:കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് നീനുവിന്റെ മൊഴി.കെവിന്റെ സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിര്‍പ്പിനു കാരണമായത്.ഈ രണ്ടു കാരണങ്ങളുയർത്തി വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും പിന്മാറാത്തതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും നീനു സംശയിക്കുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ നീനുവിനെ അറിയിച്ചതായി  രണ്ടാംപ്രതി നിയാസ് പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാല്‍ നീനു ഇക്കാര്യം തള്ളി. തട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത് പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷമാണെന്ന് നീനു മൊഴി നല്‍കി. സ്‌റ്റേഷനിലെത്തിയ ശേഷം കെവിന്റെ ബന്ധു അനീഷിന്റെ ഫോണില്‍ നിന്ന് നിയാസിനെ വിളിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും കെവിനെ വിട്ടയക്കണമെന്നും നീനു നിയാസിനോട് ഫോണില്‍ പറഞ്ഞു. അനീഷിന്റെ നിര്‍ദേശ പ്രകാരമാണ് നീനു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ലാഘവത്തോടെയാണ് നിയാസ് പ്രതികരിച്ചതെന്ന് നീനു മൊഴി നല്‍കി. അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നു നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് കെവിന്റെ മരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നത്.അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണ്ണായകമാകും.

അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നീനുവിന്റെ മാതാവ് മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലായ പശ്ചാത്തലത്തിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.കേസിൽ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂര്‍ പോലീസില്‍ കീഴടങ്ങും മുമ്പ് രഹ്നയെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.കൊല്ലം പുനലൂരില്‍ തന്നെ രഹ്ന ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് നിഗമനം. ഈ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുമ്പ് തന്നെ ഇവരെ പിടികൂടാനാണ് പോലീസ് നീക്കം.

Previous ArticleNext Article