തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മദ്യപിക്കുകയും രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്ബോഴാണ് എസ്‌ഐ കുഴഞ്ഞു വീണത്.ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ഇ സിജിയില്‍ വേരിയേഷന്‍ കാണുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം ആശുപത്രിയില്‍ കിടത്തും. കുഴപ്പങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ റിമാന്റ് ചെയ്യും.റിമാന്‍ഡിലായിരുന്ന രാജ്‌കുമാറിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നുണ്ടായതാണെന്നായിരുന്നു റിപ്പോര്‍ട്ട്.രാജ്കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എസ് ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്.രാജ്‌കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. അതേസമയം കൂട്ടുപ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ പിന്നീട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും വിവരമുണ്ട്.