ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തിയിരുന്നില്ല. ആന്തരാവയവങ്ങൾ പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നില്ല. വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പ്രധാനമായും അന്വേഷിക്കുക.എല്ലുകൾ മാത്രമേ ഇപ്പോൾ പരിശോധനയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. ആന്തരാവയവങ്ങൾ എല്ലാം തന്നെ ദ്രവിച്ച് പോയിരിക്കാം എന്നാണ് നിഗമനം. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ. എകെ ഉന്മേഷും ചേർന്നാണ് രണ്ടാം പോസ്റ്റ് മോർട്ടം നടത്തുന്നത്.