ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ രാജ്‌കുമാർ മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണെന്നും ന്യുമോണിയ ബാധയ്ക്ക് കാരണം കടുത്ത മര്‍ദ്ദന മുറകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാകൃതമായ രീതിയിലാണ് രാജ്‌കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനം തടയാന്‍ എസ്‌ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്.ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.നേരത്തെ ഇതുസംബന്ധിച്ച രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്.ഇരുവര്‍ക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്രം, കസ്റ്റഡിയില്‍ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കല്‍, അന്യായമായി കസ്റ്റഡിയില്‍ വയ്ക്കല്‍, ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കല്‍ എന്നിവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.