ഇടുക്കി:നെടുംകണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മർദനമേറ്റ് കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും.മൃതദേഹം അടക്കം ചെയ്ത് 36 ദിവസത്തിന് ശേഷമാണ് വീണ്ടും പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടത്തുന്നത്.മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.കാലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക.ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ന്യുമോണിയ തന്നെയാണോ മരണകാരണമെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്തരിക അവയവങ്ങളുടെ കോശങ്ങള്‍ ശേഖരിക്കും.ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും രാജ്കുമാറിന് അതിനുള്ള ചികിത്സ മരണത്തിന് മുമ്പ് ലഭിച്ചിരുന്നില്ല. ആന്തരിക അവയവങ്ങള്‍ വിശദപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആദ്യ പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.