Kerala, News

ജില്ലയിൽ പണിമുടക്ക് പൂർണ്ണം;പലയിടത്തും വാഹനങ്ങൾ തടഞ്ഞു

keralanews national strike complete in kannur vehicles were blocked in several places

കണ്ണൂർ:ഇന്നലെ നടന്ന ദേശീയ പണിമുടക്ക്  ജില്ലയിൽ പൂർണ്ണം.കടകൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ സർവീസ് നടത്തിയില്ല.സർക്കാർ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു.കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ 700 ജീവനക്കാരിൽ 20 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ഡോക്റ്റർമാരുടെയും മറ്റ് ജീവനക്കാരുടെയും  കുറവായിരുന്നു. പരിശോധനയ്‌ക്കെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി.ചരക്ക് ലോറികളും ഗ്യാസ് ലോറികളും രാവിലെ സർവീസ് നടത്തിയെങ്കിലും പണിമുടക്ക് അനുകൂലികൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞതോടെ അവയും ഓട്ടം നിർത്തി.നഗരത്തിൽ സർവീസ് നടത്തിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുമായി പോയ ഓട്ടോ സമരാനുകൂലികൾ തടയുകയും ടയറിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു.തുടർന്ന് പോലീസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. കോടതി,റെയിൽവേ സ്റ്റേഷൻ,മിൽമ, ജയിൽ,ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ക്യാന്റീനുകൾ തുറന്നു പ്രവർത്തിച്ചത് നഗരത്തിൽ കുടുങ്ങിയവർക്ക് ആശ്വാസമായി. പണിമുടക്കിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.തെക്കി ബസാറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി സഹദേവൻ,സിപിഎം ജില്ലാ സെക്രെട്ടറി എം.വി ജയരാജൻ,അരക്കൻ ബാലൻ,ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ശശീന്ദ്രൻ, എഐടിയുസി സംസ്ഥാന സെക്രെട്ടറി താവം ബാലകൃഷ്ണൻ;ജില്ലാ സെക്രെട്ടറി സി.പി സന്തോഷ് കുമാർ,എസ്ടിയു അഖിലേന്ത്യ സെക്രെട്ടറി എം.എ കരീം എന്നിവർ നേതൃത്വം നൽകി.

Previous ArticleNext Article