തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂർ എരമംകുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം (92.6 ), കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്.
ഇതുകൂടാതെ തൃശൂർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂർ ചെറുകുന്നുത്തറ (88), കണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂർ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90) ,പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്ക്കും അടുത്തിടെ എൻക്യുഎഎസ് ബഹുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്.ഇന്ത്യയിൽ ആകെയുള്ള 5190 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുള്ളതിൽ 36 എണ്ണത്തിന് മാത്രമാണ് എൻ.ക്യു.എ.എസ്. അഗീകാരം ലഭിച്ചിട്ടുള്ളത്. അതിൽ 7 എണ്ണം കേരളത്തിലാണ്. 21 അർബൻ പ്രൈമറി സെന്ററുകൾക്ക് നോമിനേഷൻ ലഭിച്ചിരുന്നു.അതിൽ വിലയിരുത്തലുകൾ പൂർത്തിയായ 7 സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 7 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസറകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.
ജില്ലാതല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്‌കോർ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയിൽ ഒന്നാമതാണ്. കണ്ണൂര് ജില്ലയിലെ 20 സ്ഥാപനങ്ങൾക്കാണ് എന്.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.