Kerala, News

ദേശീയപാത സർവ്വേ;മലപ്പുറത്ത് സംഘർഷം തുടരുന്നു

keralanews national highway survey violence continues in malappuram

മലപ്പുറം:ദേശീയപാത സ്ഥലമേറ്റെടുപ്പിനായുള്ള സർവ്വേ നടക്കുന്നതിനിടെ മലപ്പുറത്ത് ഇന്നും സംഘർഷം.രാവിലെ സർവേ നടപടിൽ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.ഇന്നലെയും സർവ്വേ നടക്കുന്നതിനിടെ എ.ആർ നഗർ വലിയപറമ്പിലും അരീക്കോട്ടും  സമരക്കാരും പോലീസും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷം നടന്നിരുന്നു.ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഘർഷം.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ലാത്തിചാർജിലും പൊലീസിന് നേരെ ഉണ്ടായ കല്ലേറിലും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു.ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,തിരൂരങ്ങാടി സിഐ ഇ.സുനിൽ കുമാർ എന്നിവരടക്കം 19 പോലീസുകാർക്കും പരിക്കേറ്റു.ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകൾ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളിൽ കയറി കല്ലിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.സർവ്വേ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ഭൂമി നഷ്ട്ടപ്പെടുന്നവർ അരീക്കോട്ടും വലിയ പറമ്പിലും തടിച്ചുകൂടിയിരുന്നു.തുടർന്ന് വലിയ പറമ്പിലെ ജനവാസ കേന്ദ്രത്തിലേക്ക് സർവ്വേ ഉദ്യോഗസ്ഥർ എത്തിയതോടെ നാട്ടുകാർ ഇവരെ തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ ഇവിടെയുണ്ടായിരുന്ന മതിലും തകർന്നു.ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.ചിതറിയോടിയ ജനക്കൂട്ടം പോലീസുകാർക്കുനേരെ കല്ലേറും നടത്തി. കല്ലേറ് നടത്തി വീടിനുള്ളിലേക്ക് ഓടിയവരെ പോലീസ് വീടിനുള്ളിൽ കയറി പോലീസ് പിടിച്ചു.വലിയ പറമ്പിൽ ലാത്തിച്ചാർജ് നടക്കുന്നതായി വിവരം കിട്ടിയതോടെ അരീക്കോട്ടെ സ്ത്രീകളടക്കമുള്ള സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ഇവർ റോഡിൽ കല്ലുകളും മരങ്ങളും ഉപയോഗിച്ച് ഗതാഗത തടസം ഉണ്ടാക്കി.റോഡിൽ ടയറുകൾ കൂട്ടിയിട്ട കത്തിക്കുകയും ചെയ്തു.ദേശീയപാത നീളെ കുപ്പികൾ പൊട്ടിച്ചിടുകയും ചെയ്തു. റോഡരികിലുള്ള പുൽക്കാടുകൾക്ക് തീപിടിച്ചു.തുടർന്ന് തിരൂരിൽ  നിന്നും അഗ്‌നിരക്ഷ സേന എത്തിയാണ് തീയണച്ചത്. ഇതിനിടെ റോഡിലെ തടസ്സങ്ങൾ നീക്കാനെത്തിയ പോലീസുകാരും സമരക്കാരും തമ്മിൽ കല്ലേറുണ്ടായി.പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ഇന്നും മലപ്പുറം തലപ്പാറ മുതല്‍ ചോളിരിവരെ സര്‍വേ പുരോഗമിക്കുകയാണ്.നാലു യൂണിറ്റുകളായാണ് സര്‍വേയെന്നും കളക്ടർ അറിയിച്ചു.കനത്ത സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.

Previous ArticleNext Article