കണ്ണൂർ: ജില്ലയിൽ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയ്ക്ക് കുറുകേ പാലത്തിന്‍റെ പ്രവർത്തിയും ദ്രുതഗതിയിലാണ്. പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവർത്തി.13.84 കിലോമീറ്റർ ദൂരത്തിലുള്ള കണ്ണൂർ ബൈപാസിൽ ഏറ്റവും വലിയ പാലമാണ് വളപട്ടണത്ത് നിർമാണം പുരോഗമിക്കുന്നത്. 727 മീറ്റർ നീളത്തിലുള്ള പാലത്തിന് പുഴയ്ക്ക് കുറുകെ 19 സ്പാനുകൾ ഉണ്ടാകും. പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവീസിനെയും മുന്നിൽ കണ്ടു പുഴയ്ക്ക് നടുക്കുള്ള ഒരു സ്പാനിന്‍റെ നീളം 55 മീറ്റർ ആയി വർധിപ്പിച്ചിട്ടുണ്ട്.വളപട്ടണം ഭാഗത്ത് പാലം നിർമ്മാണത്തിനുള്ള പൈലിങ് പ്രവർത്തി പൂർത്തിയായി തൂണുകൾ ഉയർന്നു തുടങ്ങി. ഏതാനും മറൈൻ പൈലുകൾ മാത്രമാണ് ഇനി നിർമിക്കാനുള്ളത്.പാപ്പിനിശ്ശേരി, കോട്ടക്കുന്ന് ഭാഗത്തെ നാട്ടുകാർക്ക് ഇരുകരകളിലേക്കും പോകാനും ഗതാഗത സൗകര്യത്തിനുമാണ് പാലത്തിന്‍റെ നീളം വർധിപ്പിച്ചത്. തളിപ്പറമ്പ് മുഴപ്പിലങ്ങാട് ബീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്നും തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.