കണ്ണൂർ:കണ്ണൂർ മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ പുരസ്ക്കാരം.ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മികച്ച പദ്ധതികളുടെ വിഭാഗത്തിലാണ് മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദം പുരസ്ക്കാരം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കോച്ച് അവാർഡ് നേടുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്ന ബഹുമതിയും മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തമാക്കി.ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.വി ലതീഷ്,മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഷെഹീർ അബൂബക്കർ എന്നിവർ ചേർന്ന് പുരസ്ക്കാരം സ്വീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംരംഭമാണ് കണ്ണൂർ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം.ശിശുരോഗ വിഭാഗം,ഗൈനക്കോളജി,സൈക്യാട്രി, കൗമാര ആരോഗ്യം,ഡെന്റൽ,ആയുർവ്വേദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഓ.പി സേവനം ഇവിടെ ലഭ്യമാണ്.തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഓ.പി സമയം.രണ്ടു മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 16 ജീവനക്കാരാണ് ഇവിടെയുള്ളത്.