ന്യൂഡൽഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയതാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2.