തിരുവനന്തപുരം : അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെയും കൊലപ്പെടുത്തിയത് ആസൂത്രിതമായെന്നു പിടിയിലായ പ്രതി കേഡൽ ജിൻസൺ രാജിന്റെ മൊഴി. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. വീട്ടിൽ നിന്നും നേരിട്ടിരുന്ന അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചിരുന്നത് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
കൊടും ക്രിമിനലിന്റെ മനോനിലയാണ് ജിൻസണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ പങ്കെടുത്ത മനഃശാസ്ത്രജ്ഞൻ വ്യക്തമാക്കി. ഇയാൾ കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തുകയായിരുന്നു എന്നാണ് മനഃശാസ്ത്രഞ്ജന്റെ മൊഴി. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളവരാണ് കുടുംബാംഗങ്ങൾ. എന്നാൽ ജിൻസണ് പ്ലസ് ടു പാസ് ആകാനെ സാധിച്ചുള്ളൂ. ഇതിന്റെ പേരിൽ അച്ഛനിൽ നിന്ന് വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. ഇത് അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. അങ്ങനെ അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പിന്നീടാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. മുന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ഈ മാസം പത്തിനാണ് പ്രതിയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടിയത്.