കൊച്ചി:എറണാകുളത്ത് നിന്നും 3 അല്‍ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ.ഇന്ന് പുലര്‍ച്ചെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത്.ഇതിൽ ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന.സെപ്തംബര്‍ പതിനൊന്നിനാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പശ്ചിമബംഗാളില്‍ നിന്ന് കെട്ടിടനിര്‍മാണജോലിക്കെന്ന വ്യാജേനെയെത്തിയ ഇവരില്‍ നിന്ന് ആയുധങ്ങളും ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ലഘുലേഖകളും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ അവകാശപ്പെടുന്നു. അതേ സമയം ഇവര്‍ നേരത്തെതന്നെ പിടിയിലായതായും സംശയിക്കുന്നുണ്ട്. ഇന്നു മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.