തിരൂര്‍:മലപ്പുറം തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തിൽ ദുരൂഹത.സംഭവത്തില്‍ സമഗ്രാന്വേഷണവുമായി പൊലീസ്.93 ദിവസം പ്രായമായ ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് രാവിലെയാണ്.ഖബറടക്കിയ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ നീക്കം.ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ ഖബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.കുട്ടികള്‍ക്ക് മൂന്ന് മാസം മുതല്‍ നാലര വയസുവരെയുള്ള പ്രായമുള്ള സമയത്താണ് മരണങ്ങളെല്ലാം നടന്നത്. ഇതില്‍ ഒരു കുട്ടിക്ക് മാത്രമാണ് നാലര വയസ് പ്രായമായിരുന്നത്. ബാക്കിയെല്ലാ കുട്ടികളും ഒന്നര വയസിനുള്ളില്‍ തന്നെ മരണപ്പെട്ടിരുന്നു.കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ മക്കളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ ഒരു ബന്ധു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ഒരു കുട്ടിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ വരെ കളിച്ച് കൊണ്ടിരുന്ന കുട്ടിയാണ് ഇന്ന് രാവിലെ പെട്ടെന്ന് മരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നതിൽ വിരോധമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.