പാലക്കാട്:വാളയാർ ചെക്ക് പോസ്റ്റിനു സമീപം ലോറി ക്‌ളീനർ കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോയമ്ബത്തൂരില്‍ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്ബത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് (മുബാറക്ക് ബാഷ-21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്. ലോറിസമരാനുകൂലികളുടെ കല്ലേറിൽ മരിച്ചുവെന്നാണ് ഡ്രൈവര്‍ മൊഴികൊടുത്തിരുന്നത്. എന്നാല്‍ ആക്രമണം നടന്നുവെന്ന് പറയുന്ന സ്‌ഥലത്തെ കുറിച്ച് മൊഴിമാറ്റിപറഞ്ഞത് പൊലീസ് ശ്രദ്ധിച്ചിരുന്നു.കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട്, കോയമ്ബത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്ബത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം.അതേസമയം പ്രണയിച്ച യുവതിയെ വിവാഹം ചെയ്യുന്നതിനായി വിജയ് അടുത്തിടെ മതം മാറിയിരുന്നു. അതിനാൽ ഇത് ദുരഭിമാനക്കൊലയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.