കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത.പോലീസ് ആറ് പേരെ ചോദ്യം ചെയ്യുന്നു. ലോറിയുമായി കൂട്ടിയിടിച്ച് തകര്‍ന്ന കാറിനൊപ്പം മറ്റൊരു കാറിയില്‍ യാത്ര ചെയ്തവരെയാണ് ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍വെച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ടവര്‍ അപകട സ്ഥലത്ത് എത്തിയത് സംബന്ധിച്ചാണ് പോലീസിന് സംശയം.പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ കാര്‍ സിമെന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നും തലകീഴായി മറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നും ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണെന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പോലീസിനെ അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുള്ളവര്‍ സഞ്ചരിച്ച ഇന്നോവ കാറും ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്ന് വണ്ടികളിലായാണ് സംഘം ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വാഹനങ്ങള്‍ സഞ്ചരിച്ച വഴികളിലെ സി സി ടി വിയടക്കം പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലോക്ക്ഡൗണ്‍ സമയത്ത് മൂന്ന് വാഹനങ്ങളിലായി 15 പേര്‍ എന്തിന് കരിപ്പൂരിലെത്തിയെന്നാണ് പോലീസ് പരിശോധിക്കുന്നത്.