കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നത് വ്യക്തമാകൂ. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നു൦ അത് നല്‍കിയത് ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.വടകര എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്ന ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ റോയിയുടെ ഭാര്യ ജോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.ഇവരെ സഹായിച്ച ഒരാള്‍ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അഞ്ച് തവണയാണ് ജോളിയുടെ മൊഴി രേഖപ്പെടുത്തിയത്.സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക കാരണമാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.16 വര്‍ഷം മുൻപാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.