കണ്ണൂര്‍: കോവിഡ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ജയരാജന്‍ വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തനായ ജയരാജന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോവിഡ് നെഗറ്റീവായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജനുവരി 18-നാണ് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20-ന് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാക്കിയിരുന്നു. ശ്വാസകോശത്തെ രോഗം സാരമായി ബാധിച്ചതോടെയാണ് എം.വി ജയരാജനെ മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.രോഗമുക്തനാവാന്‍ സഹായിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരോടും എം.വി ജയരാജന്‍ നന്ദി പറഞ്ഞു.