ന്യൂഡൽഹി:കഴിഞ്ഞ ദിവസം ലോക്സഭാ പാസാക്കിയ മുത്തലാഖ് നിരോധന ബിൽ സർക്കാർ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.രാജ്യസഭയിൽ കൂടി പാസാക്കാനായാലേ ബിൽ നിയമമാകൂ. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന പുരുഷന് മൂന്നു വർഷം വരെ തടവ് ശിക്ഷയ്ക്ക് ശുപാർശ ചെയ്യുന്ന ബില്ലാണിത്.എന്നാൽ ലോക്സഭയിൽ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് സ്വാധീനമുള്ള രാജ്യസഭയിൽ ബില്ലിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടിവരും. ബില്ലിനെ പൂർണ്ണമായും എതിർക്കുന്നില്ലെങ്കിലും ബില്ലിലെ ശിക്ഷ കാലാവധി ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ കോൺഗ്രസ് നേരത്തെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ലിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നും ബിൽ പരിശോധിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നുമാണു കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയാണ് ബിൽ പാസാക്കിയത്. ഇതേ ആവശ്യങ്ങൾ കോണ്‍ഗ്രസ് രാജ്യസഭയിലും ഉന്നയിച്ചേക്കും. ഓഗസ്റ്റ് 22 നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് താൽക്കാലികമായി റദ്ദാക്കിയത്. ആറുമാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.
Kerala, News
മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
Previous Articleഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു