തിരുവനതപുരം: ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നവർ കൈയിൽ ഒരു ഹെൽമറ്റും കരുതി വേണം ബൈക്കിനു കൈ കാണിക്കാൻ. ഇനി ഏതെങ്കിലും ബൈക്കുകാരന് വഴിയിൽ കാത്തു നിൽക്കുന്ന ഒരാൾക്ക് ലിഫ്റ്റ് കൊടുക്കണമെന്ന് തോന്നിയാൽ ഹെൽമെറ്റ്കാരന്റെ കൈയിൽ രണ്ടു ഹെൽമെറ്റ് ഉണ്ടെന്നു ഉറപ്പുവരുത്തണം. ഒന്ന് അയാൾക്കും മറ്റൊന്ന് പിന്നിൽ കയറുന്ന ആൾക്കും. ചുരുക്കിപ്പറഞ്ഞാൽ പിൻസീറ്റിലിരിക്കുന്നവർക്കും ഇനിമുതൽ ഹെൽമറ്റ് നിർബന്ധമാണെന്ന് സാരം.
ദക്ഷിണ മേഖല എ ഡി ജി പി സന്ധ്യയുടെ ഉത്തരവിനനുസരിച്ചാണ് സംസ്ഥാന പോലീസ് ഇത് പ്രാവർത്തികമാക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച എ ഡി ജി പിയുടെ ഉത്തരവുകൾ സംസ്ഥാന പോലീസ് സ്റ്റേഷനുകളിൽ എത്തി. അതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന കർശനമാക്കാനും തീരുമാനിച്ചു.
ഹെൽമറ്റില്ലാതെ യാത്രചെയ്താൽ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.