Kerala, News

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക;മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു

keralanews muslim league files petition in supreme court against using voters list of 2019 for l s g polls

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച  കേസില്‍  മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച്‌ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഉത്തരവിട്ടത്.2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Previous ArticleNext Article