Kerala

കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews murder of sdpi worker in kannur arrest of three recorded

കണ്ണൂര്‍:കണ്ണവം ചിറ്റാരിപ്പറമ്പിൽ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ധീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് അനുമാനം. എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണ്.സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ എസ് എസ് ഉന്നത നേതൃത്വത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പൊലീസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമി സംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ ആയുധം കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ മൃതദേഹം കണ്ണവം വെളുമ്പത്ത് പളളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Previous ArticleNext Article