ആലപ്പുഴ: 12 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഇന്നലെ അർദ്ധരാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഇന്ന് പുലർച്ചയോടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു.തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എഡിജിപി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.