ഇടുക്കി:ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 150 മീറ്റര്‍ അകലെ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തിലാണ് പെൺകുട്ടിയുടെ ബന്ധുവായ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ.നേരത്തെ ഇവിടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യാ ചെയ്തതാകാനാണ് സാധ്യത.പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പൈപ്പ്ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മയെ (17) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളക്കടവ്-പവര്‍ഹൗസ് റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് രേഷ്മ.രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് നീണ്ടപാറ സ്വദേശിയായ വണ്ടിത്തറയില്‍ അരുണ്‍.ഇയാള്‍ രേഷ്മക്കൊപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂള്‍ ബാഗും അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ കവറും ബാറ്ററിയും ലഭിച്ചു. സംഭവശേഷം അരുണിനെ കാണാതാവുകയായിരുന്നു. അരുണ്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാള്‍ രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനാണ്.അരുണ്‍ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. രാജകുമാരിയില്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്.തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും കത്തില്‍ പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എഴുതിയിട്ടുണ്ട്.കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അരുണിനായി ഡ്രോണ്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.