കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പൊലിസ് നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും യു.ഡി.എഫ് ആരോപിച്ചു. അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ, അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോകുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.