തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.കേസിൽ തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയതായി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 50 കിലോ മീറ്റര്‍ വേഗപരിധിയുള്ള റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്ത കെ.എം ബഷിറിനെ ഇടിച്ചിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് പറഞ്ഞതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.കാര്യമായ പരിക്കില്ലാതിരിന്നിട്ടും തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി. കിംസ് ആശുപത്രിയില്‍വെച്ച് മദ്യത്തിന്‍റെ അംശം കുറയുന്നത് വരെ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവരോട് ഈമാസം 24ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.