Kerala, News

കാസർകോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യ പ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍

keralanews murder of dyfi worker in kasarkode main accused under custody

കാസര്‍കോട്:കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വ്യാഴാഴ്ച രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടന്‍ മരണം സംഭവിക്കാന്‍ ഇത് കാരണമായി. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ നാല് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേര്‍ക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.അതിനിടെ, കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.

Previous ArticleNext Article