കൊച്ചി: കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് അതിപ്രഹരിശേഷിയുള്ള പിസ്റ്റൾ. ഇരുവരും വെടിയേറ്റു കിടന്നിരുന്ന മുറിയില്‍ നിന്നാണ് പൊലീസിന് തോക്ക് ലഭിച്ചത്. തോക്കില്‍ 10 മുതല്‍ 12വരെ ബൂള്ളറ്റുകള്‍ നിറയ്ക്കാന്‍ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. രക്തത്തില്‍ മുങ്ങിയ അവസ്ഥയില്‍ ആയിരുന്നതിനാല്‍ ഇതിന്റെ പഴക്കമോ മറ്റ് കാര്യങ്ങളോ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ബാലസ്റ്റിക് പരിശോധന നിര്‍ണ്ണായകമാകും. അതിശക്ത പ്രഹരശേഷിയുള്ളതാണ് കണ്ടെടുത്ത തോക്കെന്നും ഇത് ഓണ്‍ലൈനായി വാങ്ങാന്‍ കഴിയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.കണ്ണൂരില്‍ നിന്നായിരിക്കാം രാഖില്‍ തോക്കു സംഘടിപ്പിച്ചന്നാണ് പൊലീസിന്റെ സംശയം. ഇതെക്കുറിച്ചന്വേഷിക്കാന്‍ അന്വേഷണസംഘം കണ്ണൂരിലെത്തും. ലൈസന്‍സുള്ള പിസ്റ്റള്‍ ആണോ അതോ മറ്റേതെങ്കിലും വഴി കൈക്കലാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്. കോതമംഗലത്തുനിന്നു ദിവസങ്ങളോളം മാനസയെ നിരീക്ഷിച്ച ശേഷം കണ്ണൂരില്‍ തിരിച്ചെത്തി തോക്ക് സംഘടിപ്പിച്ചാണു രാഖില്‍ എത്തിയെന്നാണു പൊലീസിന്റെ നിഗമനം. ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അൻപത് മീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്. ഒരു ബാഗും കൊണ്ടുവന്നു. ഇതില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.