കാസർകോഡ്:മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനായ ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തും മറ്റൊരു പ്രതിയായ കാര്‍ത്തികുമാണ് പൊലീസ് പിടിയിലായത്. കൂടാതെ വെട്ടാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അനധികൃത മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരിലാണ് സിദ്ധിക്ക് കൊല്ലപ്പെട്ടതെന്നാണ് സൂചന.ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സിദ്ദിഖും ബിജെ.പി. അനുഭാവികളും തമ്മില്‍ വെല്ലുവിളിയും വാക് പോരും നടന്നിരുന്നു അതേ തുടര്‍ന്നുള്ള തര്‍ക്കം മൂത്താണ് സിദ്ധിക്ക് കൊലക്കത്തിക്കിരയായതെന്നാണ് പ്രാഥമിക വിവരം. ഉപ്പള സോങ്കാള്‍, പ്രതാപ് നഗര്‍ എന്നിവിടങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും മദ്യം കൊണ്ടു വന്ന് വില്‍പ്പന നടത്താറുണ്ട്. ഇതിനെയാണ് സിദ്ദിഖും കൂടെയുണ്ടായിരുന്ന ഫൈസലും ചോദ്യം ചെയ്യതത്. അതേ തുടര്‍ന്ന് സ്ഥലം വിട്ട സംഘം ഏതാനും ബൈക്കുകളിലായി തിരിച്ചെത്തുകയായിരുന്നു. ഈ സമയം അവിടെ തന്നെയുണ്ടായിരുന്ന സിദ്ദിഖിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മംഗലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. അതേസമയം മഞ്ചേശ്വരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ കൊലപാതകം നിഷ്ഠൂരമാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.