ആലപ്പുഴ:ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയിലായതായി സൂചന.ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ഒരു ബൈകും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുള്ള സൂചനകളും നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.അതേസമയം ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി. ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ന് വൈകിട്ട് നാലിന് കളക്‌ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.