കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നത് വന്‍ കലാപം എന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐക്കാരായ മൂന്നു പ്രതികളാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌എഫ്‌ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അഭിമന്യുവിനെ മാത്രമല്ല പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുക എന്ന ലക്ഷ്യവുമായാണ് മാരകായുധങ്ങളുമായി കോളേജിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകൾ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ് ചെയ്തു.ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.