Kerala, News

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം;അന്വേഷണം ഉറ്റവരെ കേന്ദ്രീകരിച്ച്‌; വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

keralanews murder of housewife in kottayam thazhathangadi mobile phone was recovered from near the house

കോട്ടയം:കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഷീബയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.കുടുംബത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ചും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷീബയേയും ഭര്‍ത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞദിവസം പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാര്‍ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീടിന് വെളിയിലേക്ക് കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷീബയുടെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.കൊലപാതകത്തിലേക്ക് വെളിച്ചംവീശുന്ന എന്തെങ്കിലും ഇതിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.എന്നാല്‍ കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി ചികിത്സയിലാണ്.ഷീബയുടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്‌സ് വെട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബയെ രക്ഷിക്കാനായില്ല.രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച്‌ തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച്‌ പൊട്ടിച്ച നിലയിലുമായിരുന്നു.

Previous ArticleNext Article