കൊല്ലം:ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കേസില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നിര്‍ദേശം നല്‍കി.യുവതി അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതിനാല്‍ സ്ത്രീധന പീഡന മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചന്തുലാലിനും ഗീതാലാലിനും പുറമെ ചന്തുലാലിന്റെ സഹോദരിക്കെതിരെയും കേസെടുക്കണമെന്ന് തുഷാരയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 21ന് രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തി.തുഷാരയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീത ലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.സ്ത്രീധന തുകയായ 2 ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിടുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമാണ് ഇവർ തുഷാരയ്ക്ക് നൽകിയിരുന്നത്.