കൊച്ചി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് കോടതി. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സ്ത്രീയെന്ന പരിഗണന നൽകി വിട്ടയക്കണമെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷ കോടതിയിൽ അഭ്യർത്ഥിച്ചത്. എന്നാൽ നിമിഷയുടെ അഭ്യർത്ഥന കോടതി തള്ളുകയായിരുന്നു.യമനിലെ നിയമ സംവിധാനപ്രകാരം അപ്പീൽ കോടതിയിൽ വിധി വന്നാൽ അത് അന്തിമമാണ്. സുപ്രീം കൗൺസിലിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും വിധിയിൽ ഒന്നും ചെയ്യാൻ സുപ്രീം കൗൺസിലിന് സാധിക്കില്ല. കോടതി നടപടിയിൽ പിഴവുകൾ ഉണ്ടോ എന്ന് മാത്രം പരിശോധിക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ നിമിഷയുടെ വധശിക്ഷ ശരിവെച്ച കോടതി ഉത്തരവ് അന്തിമമായിരിക്കും.2017 ജൂലൈ 25നാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി നിമിഷ കത്തിൽ പറഞ്ഞിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ 2014 ലാണ് തലാലിന്റെ സഹായം നിമിഷ തേടുന്നത്. നിമിഷ ഭാര്യയാണെന്നാണ് തലാൽ പലരോടും പറഞ്ഞിരുന്നത്. ഇതിനായി ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.