കണ്ണൂർ:വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ സിഒടി നസീറിനെതിരായ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് കണ്ണൂർ എസ്പി. കേസിൽ കുറ്റപത്രം തയ്യാറാകുന്നത് വരെ തുടരാൻ ഫോണിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം മേൽ ഉദ്യോഗസ്ഥരെയും അറിയിച്ചതായും കണ്ണൂർ എസ്പി വ്യക്തമാക്കി. അന്വേഷണ സംഘത്തെ മാറ്റിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എസ്പിയുടെ പ്രതികരണം.എസ് പിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ തുടരന് അനുവദിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിരുന്നു.വധശ്രമത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ കേസന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനും എസ്ഐ ഹരീഷും ചുമതല നിന്ന് ഇന്ന് ഒഴിയുമെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കുമാണ് മാറ്റാണ് ഒരുങ്ങിയത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും വാര്‍ത്ത പ്രധാന്യം നേടിയ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.