കണ്ണൂർ:കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നൽകാത്തതിൽ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു.കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സജനെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സജന്‍ ഈ ഓഡിറ്റോറിയം നിര്‍മ്മിച്ചത്.നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് ആന്തൂർ നഗരസഭ നിരന്തരം അപേക്ഷ മടക്കിയതായി പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ ആരോപിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.അതേസമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നാണ് ആന്തൂര്‍ നഗരസഭയുടെ വിശദീകരണം.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.