കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവർ താമസിച്ചെന്ന് കരുതുന്ന ചെറായി ബീച്ചിലെ ആറ് റിസോര്‍ട്ടുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു. ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം ഇവിടെയാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മുനമ്പം സ്വദേശിയില്‍ നിന്നും വാങ്ങിയതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് ബോട്ട് വാങ്ങിയത്. ഉടമസ്ഥരില്‍ ഒരാള്‍ തിരുവന്നതപുരത്തുകാരനും മറ്റേയാള്‍ കുളച്ചല്‍കാരനുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.മുനമ്പത്തു നിന്ന‌് തമിഴ‌്, സിംഹള വംശജര്‍ ഉള്‍പ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയില്‍ എത്തി. ഇതുസംബന്ധിച്ച‌് എംബസിയും ഐബിയും ഓസ‌്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ‌്ട്രേലിയന്‍ പൊലീസ‌് എത്തുന്നത‌്.