കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ എത്തി.മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്.കണ്ണൂര്‍ എസ്പിയുമായി ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. അതേസമയം ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ ഓഷിവാര പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.അതേസമയം തനിക്കെതിരെ ബ്ലാക്ക് മെയിലിങാണ് നടക്കുന്നതെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു.ആറ് മാസം മുൻപ് യുവതി ഭീഷണി സ്വരമുളള നോട്ടീസ് അയച്ചിരുന്നെന്നും ഇതിൽ കഴിഞ്ഞ മെയ് മാസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. പരാതി കിട്ടിയ കാര്യം കണ്ണൂർ എസ്.പി സ്ഥിരീകരിച്ചു. പരാതി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ്.പി അറിയിക്കുകയുണ്ടായി.