Kerala, News

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നു; വീടുകളിൽ വെളളം കയറി; രോഷാകുലരായി പ്രദേശവാസികൾ

keralanews mullaperiyar dam reopens overnight without warning houses flooded

ഇടുക്കി:മുല്ലപ്പെരിയാറില്‍ നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും വെള്ളം ഒഴുക്കി തമിഴ്‌നാട്‌.നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ഷട്ടർ കൂടുതൽ ഉയർത്തിയതിന് പിന്നാലെ പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകൽസമയത്ത് വെളളം തുറന്നുവിടാതെ രാത്രിയിൽ പതിവായി ഷട്ടർ തുറക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. പലരുടെയും വീടുകളിൽ വെളളം കയറി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.എന്നാല്‍, രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി.രാത്രി ഒന്‍പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.അതേസമയം രാത്രി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പകല്‍ തുറന്നുവിടാന്‍ സൗകര്യമുണ്ടായിട്ടും രാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികള്‍ക്ക് വിരുദ്ധമാണ്.എല്ലായിടത്തും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു.

Previous ArticleNext Article