Kerala, News

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു;രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം; പെരിയാർ തീരത്ത് അതീവ ജാഗ്രത

keralanews mullaperiyar dam opens 534 cubic feet of water coming out of two shutters extreme caution on the banks of the periyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്.ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്.അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ രാവിലെ ആറ് മണിയോടെ തന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലെ വെള്ളം വള്ളക്കടവിൽ ആകും ആദ്യം എത്തുക. ഉച്ചയോടെ വെള്ളം അയ്യപ്പൻ കോവിലിൽ എത്തും. വെള്ളം ഒഴുകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മുന്നൂറോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 138 ആക്കി നിർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 138.70 ആണ് ജലനിരപ്പ്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘനയടി ആക്കി ഉയർത്തും.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article