Kerala, News

കടയ്ക്കാവൂര്‍ പീഡന കേസില്‍ അമ്മ നിരപരാധിയെന്ന് കണ്ടെത്തൽ; പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘം

keralanews mother is innocent in kadaikkavoor pocso case investigation team said that the statement of the 13 year old was not credible

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധിയാണെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മകന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചര്യങ്ങൾ കാരണം പോലീസിന് ആദ്യം മുതല്‍ ഈ കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച്‌ കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.

Previous ArticleNext Article