തിരുവനന്തപുരം:സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണ്. ഒരു മണ്ഡലത്തില്‍ താമസിക്കുന്നവര്‍ക്ക് മറ്റു പല മണ്ഡലങ്ങളിലും വോട്ടുകളുണ്ട്. ഇത്തരം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന്റെ അറിവോടെ ഭരണകൂടം കൃത്രിമമായി ഇടപെടൽ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇരട്ടവോട്ടിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ഇരട്ടവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടുചെയ്യാതിരിക്കേണ്ടതും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോടും 1205 പേരെ ചേർത്തലയിലും 729 പേരെ അരൂരിലും കണ്ടെത്താൻ കഴിഞ്ഞതായി ചെന്നിത്തല ആരോപിച്ചു.കണ്ണൂർ ജില്ലയിലെ കല്യാശേരിയിലെ 91 പേര്‍ക്ക് ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. ഇരിക്കൂറില്‍ 537 അന്യ മണ്ഡല വോട്ടര്‍മാരുണ്ട്. പൂഞ്ഞാര്‍, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചേര്‍ത്തലയില്‍ വോട്ടുണ്ട്. ആകെ 1205 ഇരട്ട വോട്ടുകളാണ് ചേര്‍ത്തലയിലുള്ളത്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന് വേണ്ടി ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വോട്ടര്‍ പട്ടികയില്‍ കത്രിമം നടത്തുകയായിരുന്നെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.