കണ്ണൂർ: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല.കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 4748 പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്.ഇതിൽ 1854 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. 2894 പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്.വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെയാണ് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കപ്പെടുക.നാളെ വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി രജിസ്ട്രര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റിന്റേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. നാളെ മൂന്ന് മുതല്‍ വോട്ടെണ്ണല്‍ ദിനമായ 23 ന് രാവിലെ 8 മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫീസര്‍ നേരിട്ട് സ്വീകരിക്കും.കണ്ണൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ള പരിശീലനം നല്‍കുകയുണ്ടായി. പോസ്റ്റല്‍ ബാലറ്റുകള്‍ സര്‍വ്വീസ് വോട്ടുകള്‍ എന്നിവ എണ്ണുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആറ് മേശകളും സര്‍വ്വീസ് വോട്ടെണ്ണാനായി 14 മേശകളും സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയ ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുക.