Kerala, News

സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

keralanews more than 5000 government employees are retiring in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍.1960 കാലഘട്ടത്തില്‍ ജനിച്ച്‌ വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍.ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ എല്ലാര്‍ക്കും നല്‍കണമെന്ന് ധനകാര്യവകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വൈകുകയാണെങ്കില്‍ പലിശയടക്കം പിന്നീട് നല്‍കേണ്ടി വരും. ഇത് സര്‍ക്കാരിന് ബാധ്യത ഉണ്ടാക്കുമെന്ന് കണ്ടതിനാലാണ് വിരമിക്കല്‍‌ ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടത്.ഈ വര്‍ഷം വിരമിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുമെന്നാണ് സ്പാര്‍ക്കിന്റെ (സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനം) വിവരശേഖരണത്തില്‍ കാണിക്കുന്നത്. ഇതുപ്രകാരം മെയ് മാസത്തില്‍ 56 വയസ് പൂര്‍ത്തിയാക്കുന്നവര്‍ അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.എന്നാല്‍ ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. സ്പാര്‍ക്ക് സംവിധാനത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അവരുടെ കൂടി കണക്ക് വരുമ്ബോള്‍ വിരമിക്കുന്നവരുടെ സംഖ്യയും വര്‍ധിക്കും. സ്‌കൂള്‍ അധ്യാപകർ ഈ സംവിധാനത്തില്‍ ഇല്ല. മാര്‍ച്ച്‌ 31-നാണ് അധ്യാപകര്‍ വിരമിക്കുന്നത്.

Previous ArticleNext Article