കൊച്ചി : മലയാളി നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര് കൂടി പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. കേസിൽ പ്രതിയായ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഇവരെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പിടികൂടിയത്.
സംഭവത്തിൽ ആകെ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ മുൻ ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാറാണ് (പൾസർ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണു കേസെടുത്തത്.
മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലും പേരെടുത്ത നടി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.