Kerala, News

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്;യുവതി സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണിയെന്നും പോലീസ്

keralanews more information on the abduction of a young woman in mannar is out police say woman is main link in the gold smuggling case

കൊച്ചി:മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘങ്ങളില്‍ പെട്ടവരാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്.ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത്‌ ബിനോ വര്‍ഗീസ്‌ (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കതില്‍ ശിവപ്രസാദ്‌ (37), പരുമല കോട്ടയ്‌ക്കമാലി സുബീര്‍ (36), എറണാകുളം പരവൂര്‍ മന്നം കാഞ്ഞിരപ്പറമ്ബില്‍ അന്‍ഷാദ്‌ (30), മലപ്പുറം പൊന്നാനി ആനപ്പടി പാലയ്‌ക്കല്‍ അബ്‌ദുല്‍ ഫഹദ്‌ (35) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.ഇവരെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 19ന് ദുബായില്‍ നിന്ന് മടങ്ങി എത്തുമ്പോൾ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു. ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. ഇതായിരുന്നു തട്ടിക്കൊണ്ട് പോകലിനിടയാക്കിയ കാരണമെന്നാണ് പൊലീസ് പറയുന്നത്.വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ്‌ ഉണ്ടാകുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്‌.പി: ആര്‍. ജോസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ 24 അംഗ സംഘം മൂന്നായി തിരിഞ്ഞാണ്‌ അന്വേഷിക്കുന്നത്‌. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ കസ്‌റ്റംസും അന്വേഷണം നടത്തുന്നുണ്ട്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും വിവരങ്ങള്‍ ശേഖരിച്ചു.

Previous ArticleNext Article