തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഉത്സവങ്ങളുടെ നടത്തിപ്പിനാണ് പ്രധാനമായും ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകിയത്.ഇനി മുതൽ 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാം. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി ഉത്സവം എന്നിവയ്‌ക്കും മതപരമായ മറ്റ് ചടങ്ങുകൾക്കും കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഉത്സവങ്ങളിൽ പൊതുസ്ഥലത്തിന്റെ വിസ്തീർണ്ണം അനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്‌ക്കാകും ആളുകളുടെ എണ്ണം നിശ്ചയിക്കുക. ആറ്റുകാൽ പൊങ്കാലയ്‌ക്ക് റോഡിൽ പൊങ്കാലയിടാൻ അനുമതിയില്ല.ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, മൂന്ന് മാസങ്ങൾക്ക് മുൻപ് കൊറോണ വന്ന് പോയതിന്റെ രേഖകളോ ഹാജരാക്കണം. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസ്സിന് താഴെയുള്ളവർക്കും ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കാം. പങ്കെടുക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. ഉത്സവ പന്തലുകളിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്.തിങ്കളാഴ്ച മുതൽ അങ്കണവാടികൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുറക്കാൻ അനുമതി നൽകിയത്. ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ എന്നിവയും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.