അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിലുള്ള മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി തിരക്കുപിടിച്ച് ഒറ്റരാത്രികൊണ്ട് നവീകരിച്ച പശ്ചാത്തലത്തിലായിരുന്നു വിമർശനം.മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിക്കേറ്റവരെ പുതുതായി പെയിന്റടിച്ച വാര്‍ഡുകളിലേക്ക് മാറ്റിയതും വിവാദമായി. പിന്നാലെയാണ് കമ്പനിയുടെ പേര് മറച്ചെന്ന വിവരം പുറത്ത് വരുന്നത്.ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്.141 പേരാണ് അപകടത്തിൽ മരിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് പാലം തുറന്നുകൊടുത്തത്. അപകട സമയത്ത് പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിന് മുകളിൽ കയറിവർ പാലം കുലുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.