Kerala, News

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം

keralanews monsoon intensifies in the state extensive damage in ernakulam idukki and kottayam districts

എറണാകുളം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ശക്തമായ മഴയിലും ചുഴലിക്കാറ്റിലും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റാണ് പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം വരുത്തിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.എറണാകുളം ജില്ലയിലെ തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്തെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.ഇടുക്കിയിൽ പടിഞ്ഞാറേ കോടിക്കുളത്ത് കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. കൂടാതെ മരം റോഡിലേക്ക് വീണ് ഗതാഗതവും തടസപ്പെട്ടിരുന്നു.കോട്ടയത്ത് രാമപുരം മേതിരിയിലും ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി. ആറ് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് ഇവിടെ കാറ്റ് വീശിയത്. മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.കേരള തീരത്തു നിന്നും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Previous ArticleNext Article