Kerala, News

വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

keralanews monkey pox confirmed in wayanad dstrict

മാനന്തവാടി: വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പനവല്ലി സ്വദേശിയായ 24കാരനാണ് രോഗബാധ കണ്ടെത്തിയത്. ഈ വർഷം ആദ്യമായാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നത്. രോഗിയുടെ പരിസരവാസികളുടെ രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.പനിയും ചുമയുമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും 7 ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പപ്പാറ സി.എച്ച്.സിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായത്തോടെ ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്‍റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി,ശരീരവേദന അല്ലെങ്കില്‍ പേശിവേദന,തലവേദന, ഛർദി, കടുത്ത ക്ഷീണം,രോമകൂപങ്ങളില്‍നിന്ന് രക്തസ്രാവം,അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങൾ.

Previous ArticleNext Article